Wednesday, 4 May 2011

ഒരു ക്രിസ്ത്യാനി കത്ത്


എത്രയും സ്നേഹം നിറഞ്ഞ കുഞ്ഞുമോക്ക്,

നിന്‍റെ കത്ത് കിട്ടിയിട്ട് കുറെ നാളായി..എന്നും മറുപടി എഴുതണം എന്നു വിചാരിക്കും,എന്നാ പറയാനാ സമയം ഇപ്പൊ മനുഷ്യനെ ഓടിക്കുവല്ലേ.ഇന്ന് എന്നാ വന്നാലും അങ്ങ് എഴുതാമെന്ന് വിചാരിച്ചു. നിനക്ക് എന്നാ ഉണ്ട് വിശേഷം? സുഖം തന്നെ അല്ലിയോ?

അത് പറഞ്ഞപ്പോള ഓര്‍ത്തത്‌,ഇവിടെ മഴ തൊടങ്ങി.നിര്‍ത്താതെ മഴ...രമണിക്കാണേല്‍ എന്തോ ഒരു ഏനക്കേട്?എന്നതാണാവോ?,അവള്‍ ഇന്ന് ഒന്നും കഴിച്ചില്ലന്നെ,രാവിലെ കൊടുത്ത പുല്ലും ,വൈകൊലും കാടിയും എല്ലാം അങ്ങനെ തന്നെ.അതൊകൊണ്ട് എനിക്കും തൊണ്ടേന്നു ഒന്നും അങ്ങ് ഇറങ്ങുന്നില്ലാന്നു.അപ്പന്‍ പോയിട്ടുണ്ട് ഇപ്പൊ അങ്ങാടിക്ക്,ഡാകിട്ടറെ കൊണ്ട് വരും.

നിനക്ക് ഇഷ്ടമുള്ള കിളിച്ചുണ്ടന്‍ മാങ്ങാ പറിച്ചു വച്ചിട്ടുണ്ട്,അപ്പന്‍ ഇന്നെലേം പറഞ്ഞു നീ ഉണ്ടായിരുന്നെങ്കില്‍ മുഴുവന്‍ ഇപ്പൊ തന്നെ തീര്‍ത്തേനെ എന്ന് .മാങ്ങ എല്ലാം പഴുത്ത് വരുന്നു,നിനക്ക് അവിടെ കിളിച്ചുണ്ടന്‍ മാങ്ങാ കിട്ടുമോ?ഇവിടുന്നു അപ്പനോട് പറഞ്ഞു ഞാന്‍ അയപ്പിക്കാം.കൂടെ ഞാന്‍ കുറച്ചു വട്ടേപ്പവും ,അരിയുണ്ടയും അയക്കാം.അങ്ങേലെ ഏലിക്കുട്ടി പറഞ്ഞു ഇപ്പൊ അയച്ചാലും,സായിപ്പന്മാരു എന്തോ കുന്തത്തില്‍ കൂടി പരിശോധിചിട്ടെ നിനക്ക് തരത്തൊള്ളൂ എന്ന്?ആന്നോടി...???

ഇവിടുന്നു നിന്ന് തിരിയാന്‍ നേരമില്ലാന്നു,അതാ ഞാനും നിന്‍റെ അപ്പനും നീ വിളിച്ചിട്ടും വരാത്തത്,അല്ലേലും അവിടെ വന്നാ,പാന്റും ഷര്‍ട്ടും ഒക്കെ ഇടണ്ടയോ?നിനക്കറിയാമ്മല്ലോ അപ്പന് ഇതൊന്നും പിടിക്കത്തില്ലാന്നു,എനിക്കും.അല്ല ഇതൊക്കെ ഇട്ടെറിഞ്ഞു പെട്ടന്നങ്ങു പോരാന്‍ പറ്റുമോന്നെ???
റബ്ബറും,കുരുമുളകിനും ഇപ്പൊ എന്നാ വെലയാന്നറിയ്യോ!!!റബ്ബറു വെട്ടുകാരന്‍ ജോയി രണ്ടു ദിവസമായിട്ട് നാട്ടി പോയെക്കുവാ.പെമ്പറന്നോത്തി പ്രസവിച്ചു കെടക്കുവാന്നു.പണിക്കാരെ കിട്ടാന്‍ എന്നാ ബുധിമുട്ടാന്നോ.എല്ലാത്തിനും ഭയങ്കര പള്ള് പിടിച്ചു.

നമ്മുടെ മടത്തികുന്നെലെ വര്‍ഗീസച്ചയന്റെ എളെ മോളുടെ കല്യാണമാ,അപ്പനും ഞാനും പോണോണ്ട്.എല്ലാരും ചോദിക്കുവ നിന്‍റെ കല്യാണം എന്നാന്നു?അടുത്ത വൃശ്ചികത്തില്‍  നിനക്ക് ഇരുപത്തിനാല് വയസ്സ് തികയും, ,നീ എന്നാ പറഞ്ഞാലും ശരി ,അടുത്ത വരവിനു കല്യാണം നടത്തണം.അതുവരെ ഉള്ള ജോലിയൊക്കെ മതി,അല്ലേലും നീ സമ്പാദച്ചിട്ടു വേണോ ഞാങ്ങക്കിവിടെ കഞ്ഞി കുടിക്കാന്‍?അത് ഞാനും അപ്പനും കൂടി തീരുമാനിച്ചു.അവിടെ ആരോടും ലോഹ്യത്തിലകാനൊന്നും നിക്കണ്ട,നിനക്കറിയാമല്ലോ അപ്പന്റെ സ്വഭാവം.പെണ്‍കൊച്ചുങ്ങള്‍    കൊറച്ചു സൂക്ഷിച്ചും കണ്ടും ഒക്കെ നടക്കണം,

നമ്മുടെ മറിയാമ്മ ചേടത്തി ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്,ചെറുക്കന്‍ നിന്‍റെ പോലെ എന്തോ പഠിത്തം പഠിച്ചതാ,അമേരിക്കയിലെങ്ങണ്ട,ഇഞ്ചിനീയരാന്നു,വടക്കേലെ സാരെടെ നാത്തൂന്റെ അനിയനാ.നല്ല തറവാട്ടുകാരാ.

നമ്മുടെ പള്ളീലച്ചന്‍ പോവ്വ.അതിനു മുന്‍പ് പള്ളി പെരുന്നളുണ്ട്,അടിച്ചു പൊളിച്ചു നടത്തണം എന്ന് അച്ഛന്‍ പറയണത് കേട്ട്.നീ വരുമോ പള്ളി പെരുന്നാളിന്?നിന്റെ കുഞ്ഞമ്മ മാരും  ഇച്ചായന്മാരും വരുന്നുണ്ട്. ഈ ജൂണില്‍ വല്യമ്മച്ചിയുടെ ആണ്ടാണ്.അന്ന് പള്ളിയില്‍ പോയേക്കണം കേട്ടോ,കിടന്നുറങ്ങിയേക്കല്ല്.

ചക്ക ഉണ്ട്,അപ്പന് എന്നും ചക്ക പുഴുങ്ങിയതും മീന്‍കറിയും ആണ് ഇപ്പൊ ഇഷ്ടം,നീ അയച്ച സ്വര്‍ണ വാച്ചും കെട്ടിയ ഇപ്പൊ അപ്പന്‍ നടക്കാര്.എല്ലാരോടും പറയും എന്‍റെ മോള് അങ്ങൂന്നു അയച്ചതാന്നു,ഞാന്‍ വഴക്ക് പറയും,അപ്പൊ പറയും എല്ലാരും അറിയട്ടെടി പെണ്ണേന്നു.നീ അപ്പന് കൊടുത്ത ആ ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഫോണില്ലിയോ,അത് പോലെത്തെ ഒരെണ്ണം മാത്തുച്ചായനും ,വേണമെന്ന്,നീ ഒരെണ്ണം കൂടി കൊണ്ട് പോര്.


അവിടെ ആകാശത്ത് നിന്ന് ഐസ് വീഴുവാനെന്നു ടീവില്‍ പരേണത് കേട്ടു,നീ തണുത്ത വെള്ളത്തിലൊന്നും കുളിക്കണ്ട,പിന്നെ എന്നും കുളി കഴിഞ്ഞു ആ രാസ്മാദി പൊടി ഉച്ചില് തേച്ചേക്കണംപനി പിടിക്കത്തില്ല,അവിടുത്തെ മദാമ്മ പെണ്ണുങ്ങള് കാണിക്കുന്ന പോലെ തലമുടി ഒന്നും മുറിച്ചേക്കല്ല് ,അറിയാമ്മല്ലോ അപ്പന് ഒന്നും ഇഷ്ടമല്ലാന്നു.

ഇവിടുത്തെ പണിക്കാരി നിന്നെ കുറിച്ച് ചോദിക്കാറുണ്ട്,വല്യ സ്നേഹമാ അവക്കു നിന്നോട്.അവളുടെ കൊച്ചിന് എന്തോ ദീനം പിടിച്ചു അസ്പത്രീല് ആരുന്നു,അപ്പന് 1000 രൂപ കൊടുത്തു,പാവമല്ലേ..?രണ്ട് ഉടുപ്പ് ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കനല്ലേ കര്‍ത്താവു പറഞ്ഞെക്കുന്നെ?

അപ്പന്‍ ഈയെടെലും പോയി എവിടുന്നോ ഒരു പട്ടികുഞ്ഞിനേം കൊണ്ട വന്നന്നെ,ഇപ്പൊ രണ്ടെണ്ണം ഉണ്ട്,ബാക്കിയുളോനു വാസം കാലത്ത് പട്ടികുഞ്ഞുങ്ങളെ നോക്കാന വിധി.നമ്മുടെ ബ്ലാക്കി ക്ക് അങ്ങ് വയസ്സായി,എന്നാലും കളയാന്‍ തോന്നുന്നില്ല.പണ്ട് മുതലേ കൂടെ ഉള്ളതല്ലിയോ?അപ്പന്‍ വെട്ടാന്‍ പോകുമ്പോ തോട്ടത്തില്‍ വച്ച് കിട്ടിയതാ അവനെ.ഇപ്പൊ കൊണ്ട് വന്നവന്‍ കാഞ്ഞ സാധനമാ.മോട്ടേം പാലും മതി അവനു,അവനു ഒരു പേരിടണം,നീ ഒരു പേര് പറഞ്ഞു താ.അടുത്ത പ്രാവശ്യം കത്തില്‍ അയച്ചാല്‍ മതി.

പിന്നെ എന്നാ ഉണ്ട് അവിടെ? എനിക്ക് ആ പണ്ടത്തെ മുട്ട് വേദന പിന്നേം തൊടങ്ങി,അപ്പന്‍ ഡാകിട്ടാരുടെ അടുത്ത് കൊണ്ടയാരുന്നു..ഓ എന്നാ പറയാനാ ഇനി ഇത് മാറുവൊന്നുമില്ലന്നെ,വയസ്സും പ്രായവും ആയില്ലയോ..
 എന്നാ ഞാന്‍ നിര്തട്ടെയോ,പിന്നേം എന്നണ്ടോക്കെ ഉണ്ടാരുന്നു പറയാന്‍,ഇനി ഇപ്പം അപ്പന്‍ എഴുതട്ടെ ബാക്കി,ഞാന്‍ എന്നാ പോയി രമണിയെ ഒന്ന് നോക്കീട്ടു വരട്ടെ,നീ പ്രാര്‍ത്ഥിക്കുമ്പോ അവക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണം,ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്,അടുത്ത പ്രാവശ്യം മലയാറൂര്‍ പള്ളിയില്‍ പോയെക്കമെന്നു,നിനക്കും കൂടി കൂട്ടിയ നേരന്നെക്കുന്നെ.

എന്നാ ഞാന്‍ നിര്‍ത്തുവാടി പെണ്ണെ,
മാതാവിനോട് എന്നും പ്രാര്‍ത്ഥിക്കണം,മറക്കാതെ..
എന്ന്
സ്നേഹത്തോടെ അമ്മച്ചി....

ചതുരംഗം



ആദ്യം കളിച്ചതും കളിപ്പിച്ചതും അപ്പന്‍ തന്നെ
പിന്നോട്ട് പോകരുതെന്നും,ഓടി ഒളിക്കരുതെന്നും
ഈ ചതുരംഗ കളത്തില്‍ ഒറ്റയ്ക്ക് പട വെട്ടണമെന്നും പറഞ്ഞു..
കൂടെ സത്യസന്ധത എന്നാ ഒരു വാക്കും..
കാലാളും,തേരും ,ആനയും,കുതിരയും  തന്നു...
പക്ഷെ അപ്പോഴും പറഞ്ഞു അപ്പന്‍
നീ ഒരു മന്ത്രിയായി കളിക്കുക..
രാജാവിനെ രക്ഷിക്കുന്ന മന്ത്രി...
പുറകില്‍ നിന്നും വെട്ടരുത്
കളി നേര്‍ക്കുനേര്‍ മാത്രം...
ബന്ധങ്ങള്‍ ചതുരംഗത്തില്‍ വെറും ശത്രുക്കള്‍
എന്ന് ഉരുവിട്ട് പഠിപ്പിച്ചു എന്നെ നീ
കറുപ്പും വെളുപ്പുമായി നമ്മള്‍ കളിച്ചു..
....
എങ്കിലും അപ്പാ,
അങ്ങ് മാത്രം എന്തെ തോറ്റു പോയത്??
അല്ല തോറ്റു തന്നത്????