Wednesday, 4 May 2011

ഒരു ക്രിസ്ത്യാനി കത്ത്


എത്രയും സ്നേഹം നിറഞ്ഞ കുഞ്ഞുമോക്ക്,

നിന്‍റെ കത്ത് കിട്ടിയിട്ട് കുറെ നാളായി..എന്നും മറുപടി എഴുതണം എന്നു വിചാരിക്കും,എന്നാ പറയാനാ സമയം ഇപ്പൊ മനുഷ്യനെ ഓടിക്കുവല്ലേ.ഇന്ന് എന്നാ വന്നാലും അങ്ങ് എഴുതാമെന്ന് വിചാരിച്ചു. നിനക്ക് എന്നാ ഉണ്ട് വിശേഷം? സുഖം തന്നെ അല്ലിയോ?

അത് പറഞ്ഞപ്പോള ഓര്‍ത്തത്‌,ഇവിടെ മഴ തൊടങ്ങി.നിര്‍ത്താതെ മഴ...രമണിക്കാണേല്‍ എന്തോ ഒരു ഏനക്കേട്?എന്നതാണാവോ?,അവള്‍ ഇന്ന് ഒന്നും കഴിച്ചില്ലന്നെ,രാവിലെ കൊടുത്ത പുല്ലും ,വൈകൊലും കാടിയും എല്ലാം അങ്ങനെ തന്നെ.അതൊകൊണ്ട് എനിക്കും തൊണ്ടേന്നു ഒന്നും അങ്ങ് ഇറങ്ങുന്നില്ലാന്നു.അപ്പന്‍ പോയിട്ടുണ്ട് ഇപ്പൊ അങ്ങാടിക്ക്,ഡാകിട്ടറെ കൊണ്ട് വരും.

നിനക്ക് ഇഷ്ടമുള്ള കിളിച്ചുണ്ടന്‍ മാങ്ങാ പറിച്ചു വച്ചിട്ടുണ്ട്,അപ്പന്‍ ഇന്നെലേം പറഞ്ഞു നീ ഉണ്ടായിരുന്നെങ്കില്‍ മുഴുവന്‍ ഇപ്പൊ തന്നെ തീര്‍ത്തേനെ എന്ന് .മാങ്ങ എല്ലാം പഴുത്ത് വരുന്നു,നിനക്ക് അവിടെ കിളിച്ചുണ്ടന്‍ മാങ്ങാ കിട്ടുമോ?ഇവിടുന്നു അപ്പനോട് പറഞ്ഞു ഞാന്‍ അയപ്പിക്കാം.കൂടെ ഞാന്‍ കുറച്ചു വട്ടേപ്പവും ,അരിയുണ്ടയും അയക്കാം.അങ്ങേലെ ഏലിക്കുട്ടി പറഞ്ഞു ഇപ്പൊ അയച്ചാലും,സായിപ്പന്മാരു എന്തോ കുന്തത്തില്‍ കൂടി പരിശോധിചിട്ടെ നിനക്ക് തരത്തൊള്ളൂ എന്ന്?ആന്നോടി...???

ഇവിടുന്നു നിന്ന് തിരിയാന്‍ നേരമില്ലാന്നു,അതാ ഞാനും നിന്‍റെ അപ്പനും നീ വിളിച്ചിട്ടും വരാത്തത്,അല്ലേലും അവിടെ വന്നാ,പാന്റും ഷര്‍ട്ടും ഒക്കെ ഇടണ്ടയോ?നിനക്കറിയാമ്മല്ലോ അപ്പന് ഇതൊന്നും പിടിക്കത്തില്ലാന്നു,എനിക്കും.അല്ല ഇതൊക്കെ ഇട്ടെറിഞ്ഞു പെട്ടന്നങ്ങു പോരാന്‍ പറ്റുമോന്നെ???
റബ്ബറും,കുരുമുളകിനും ഇപ്പൊ എന്നാ വെലയാന്നറിയ്യോ!!!റബ്ബറു വെട്ടുകാരന്‍ ജോയി രണ്ടു ദിവസമായിട്ട് നാട്ടി പോയെക്കുവാ.പെമ്പറന്നോത്തി പ്രസവിച്ചു കെടക്കുവാന്നു.പണിക്കാരെ കിട്ടാന്‍ എന്നാ ബുധിമുട്ടാന്നോ.എല്ലാത്തിനും ഭയങ്കര പള്ള് പിടിച്ചു.

നമ്മുടെ മടത്തികുന്നെലെ വര്‍ഗീസച്ചയന്റെ എളെ മോളുടെ കല്യാണമാ,അപ്പനും ഞാനും പോണോണ്ട്.എല്ലാരും ചോദിക്കുവ നിന്‍റെ കല്യാണം എന്നാന്നു?അടുത്ത വൃശ്ചികത്തില്‍  നിനക്ക് ഇരുപത്തിനാല് വയസ്സ് തികയും, ,നീ എന്നാ പറഞ്ഞാലും ശരി ,അടുത്ത വരവിനു കല്യാണം നടത്തണം.അതുവരെ ഉള്ള ജോലിയൊക്കെ മതി,അല്ലേലും നീ സമ്പാദച്ചിട്ടു വേണോ ഞാങ്ങക്കിവിടെ കഞ്ഞി കുടിക്കാന്‍?അത് ഞാനും അപ്പനും കൂടി തീരുമാനിച്ചു.അവിടെ ആരോടും ലോഹ്യത്തിലകാനൊന്നും നിക്കണ്ട,നിനക്കറിയാമല്ലോ അപ്പന്റെ സ്വഭാവം.പെണ്‍കൊച്ചുങ്ങള്‍    കൊറച്ചു സൂക്ഷിച്ചും കണ്ടും ഒക്കെ നടക്കണം,

നമ്മുടെ മറിയാമ്മ ചേടത്തി ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്,ചെറുക്കന്‍ നിന്‍റെ പോലെ എന്തോ പഠിത്തം പഠിച്ചതാ,അമേരിക്കയിലെങ്ങണ്ട,ഇഞ്ചിനീയരാന്നു,വടക്കേലെ സാരെടെ നാത്തൂന്റെ അനിയനാ.നല്ല തറവാട്ടുകാരാ.

നമ്മുടെ പള്ളീലച്ചന്‍ പോവ്വ.അതിനു മുന്‍പ് പള്ളി പെരുന്നളുണ്ട്,അടിച്ചു പൊളിച്ചു നടത്തണം എന്ന് അച്ഛന്‍ പറയണത് കേട്ട്.നീ വരുമോ പള്ളി പെരുന്നാളിന്?നിന്റെ കുഞ്ഞമ്മ മാരും  ഇച്ചായന്മാരും വരുന്നുണ്ട്. ഈ ജൂണില്‍ വല്യമ്മച്ചിയുടെ ആണ്ടാണ്.അന്ന് പള്ളിയില്‍ പോയേക്കണം കേട്ടോ,കിടന്നുറങ്ങിയേക്കല്ല്.

ചക്ക ഉണ്ട്,അപ്പന് എന്നും ചക്ക പുഴുങ്ങിയതും മീന്‍കറിയും ആണ് ഇപ്പൊ ഇഷ്ടം,നീ അയച്ച സ്വര്‍ണ വാച്ചും കെട്ടിയ ഇപ്പൊ അപ്പന്‍ നടക്കാര്.എല്ലാരോടും പറയും എന്‍റെ മോള് അങ്ങൂന്നു അയച്ചതാന്നു,ഞാന്‍ വഴക്ക് പറയും,അപ്പൊ പറയും എല്ലാരും അറിയട്ടെടി പെണ്ണേന്നു.നീ അപ്പന് കൊടുത്ത ആ ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഫോണില്ലിയോ,അത് പോലെത്തെ ഒരെണ്ണം മാത്തുച്ചായനും ,വേണമെന്ന്,നീ ഒരെണ്ണം കൂടി കൊണ്ട് പോര്.


അവിടെ ആകാശത്ത് നിന്ന് ഐസ് വീഴുവാനെന്നു ടീവില്‍ പരേണത് കേട്ടു,നീ തണുത്ത വെള്ളത്തിലൊന്നും കുളിക്കണ്ട,പിന്നെ എന്നും കുളി കഴിഞ്ഞു ആ രാസ്മാദി പൊടി ഉച്ചില് തേച്ചേക്കണംപനി പിടിക്കത്തില്ല,അവിടുത്തെ മദാമ്മ പെണ്ണുങ്ങള് കാണിക്കുന്ന പോലെ തലമുടി ഒന്നും മുറിച്ചേക്കല്ല് ,അറിയാമ്മല്ലോ അപ്പന് ഒന്നും ഇഷ്ടമല്ലാന്നു.

ഇവിടുത്തെ പണിക്കാരി നിന്നെ കുറിച്ച് ചോദിക്കാറുണ്ട്,വല്യ സ്നേഹമാ അവക്കു നിന്നോട്.അവളുടെ കൊച്ചിന് എന്തോ ദീനം പിടിച്ചു അസ്പത്രീല് ആരുന്നു,അപ്പന് 1000 രൂപ കൊടുത്തു,പാവമല്ലേ..?രണ്ട് ഉടുപ്പ് ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കനല്ലേ കര്‍ത്താവു പറഞ്ഞെക്കുന്നെ?

അപ്പന്‍ ഈയെടെലും പോയി എവിടുന്നോ ഒരു പട്ടികുഞ്ഞിനേം കൊണ്ട വന്നന്നെ,ഇപ്പൊ രണ്ടെണ്ണം ഉണ്ട്,ബാക്കിയുളോനു വാസം കാലത്ത് പട്ടികുഞ്ഞുങ്ങളെ നോക്കാന വിധി.നമ്മുടെ ബ്ലാക്കി ക്ക് അങ്ങ് വയസ്സായി,എന്നാലും കളയാന്‍ തോന്നുന്നില്ല.പണ്ട് മുതലേ കൂടെ ഉള്ളതല്ലിയോ?അപ്പന്‍ വെട്ടാന്‍ പോകുമ്പോ തോട്ടത്തില്‍ വച്ച് കിട്ടിയതാ അവനെ.ഇപ്പൊ കൊണ്ട് വന്നവന്‍ കാഞ്ഞ സാധനമാ.മോട്ടേം പാലും മതി അവനു,അവനു ഒരു പേരിടണം,നീ ഒരു പേര് പറഞ്ഞു താ.അടുത്ത പ്രാവശ്യം കത്തില്‍ അയച്ചാല്‍ മതി.

പിന്നെ എന്നാ ഉണ്ട് അവിടെ? എനിക്ക് ആ പണ്ടത്തെ മുട്ട് വേദന പിന്നേം തൊടങ്ങി,അപ്പന്‍ ഡാകിട്ടാരുടെ അടുത്ത് കൊണ്ടയാരുന്നു..ഓ എന്നാ പറയാനാ ഇനി ഇത് മാറുവൊന്നുമില്ലന്നെ,വയസ്സും പ്രായവും ആയില്ലയോ..
 എന്നാ ഞാന്‍ നിര്തട്ടെയോ,പിന്നേം എന്നണ്ടോക്കെ ഉണ്ടാരുന്നു പറയാന്‍,ഇനി ഇപ്പം അപ്പന്‍ എഴുതട്ടെ ബാക്കി,ഞാന്‍ എന്നാ പോയി രമണിയെ ഒന്ന് നോക്കീട്ടു വരട്ടെ,നീ പ്രാര്‍ത്ഥിക്കുമ്പോ അവക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണം,ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്,അടുത്ത പ്രാവശ്യം മലയാറൂര്‍ പള്ളിയില്‍ പോയെക്കമെന്നു,നിനക്കും കൂടി കൂട്ടിയ നേരന്നെക്കുന്നെ.

എന്നാ ഞാന്‍ നിര്‍ത്തുവാടി പെണ്ണെ,
മാതാവിനോട് എന്നും പ്രാര്‍ത്ഥിക്കണം,മറക്കാതെ..
എന്ന്
സ്നേഹത്തോടെ അമ്മച്ചി....

ചതുരംഗം



ആദ്യം കളിച്ചതും കളിപ്പിച്ചതും അപ്പന്‍ തന്നെ
പിന്നോട്ട് പോകരുതെന്നും,ഓടി ഒളിക്കരുതെന്നും
ഈ ചതുരംഗ കളത്തില്‍ ഒറ്റയ്ക്ക് പട വെട്ടണമെന്നും പറഞ്ഞു..
കൂടെ സത്യസന്ധത എന്നാ ഒരു വാക്കും..
കാലാളും,തേരും ,ആനയും,കുതിരയും  തന്നു...
പക്ഷെ അപ്പോഴും പറഞ്ഞു അപ്പന്‍
നീ ഒരു മന്ത്രിയായി കളിക്കുക..
രാജാവിനെ രക്ഷിക്കുന്ന മന്ത്രി...
പുറകില്‍ നിന്നും വെട്ടരുത്
കളി നേര്‍ക്കുനേര്‍ മാത്രം...
ബന്ധങ്ങള്‍ ചതുരംഗത്തില്‍ വെറും ശത്രുക്കള്‍
എന്ന് ഉരുവിട്ട് പഠിപ്പിച്ചു എന്നെ നീ
കറുപ്പും വെളുപ്പുമായി നമ്മള്‍ കളിച്ചു..
....
എങ്കിലും അപ്പാ,
അങ്ങ് മാത്രം എന്തെ തോറ്റു പോയത്??
അല്ല തോറ്റു തന്നത്????

Wednesday, 20 April 2011

ഹൃദയ സംഗീതം


ഹൃദയത്തിനുള്ളില്‍
ഒരു സംഗീതം ഉണ്ട്‌
വാക്കുകളില്ലാത്ത ഒരു സംഗീതം
സ്വരം ഇടറാതെ ,പതറാതെ
എനിക്ക് പാടണം
പൊട്ടികിടക്കുന്ന ഈ വീണ കമ്പികള്‍
ഒന്നു കൂടി കൂട്ടികെട്ടണം
മറന്നുപോയ രാഗങ്ങള്‍
ഇനി ഓര്‍ത്തെടുക്കണം
പക്ഷെ തുരുമ്പ് പിടിച്ചു തുടങ്ങിയ
ഈ വിരലുകളോ?????

ക്ഷമിക്കുക



അമര്‍ഷം കുറക്കാനാണ് ഞാന്‍ നിന്നെ അന്വേഷിച്ചത്
നനഞ്ഞൊട്ടിയ ആ മണലില്‍ ഞാനും എന്‍റെ കാല്പടുകളും....  
കുതറി തെറിച്ചു വന്ന
നിന്നില്‍ ഞാന്‍ കണ്ടു
ഒരിക്കലും ഒടുങ്ങാത്ത പക
എന്‍റെ നീട്ടിയ കാലില്‍
തൊട്ടു നീ പറയുന്നത് എന്താണ്?
മറക്കരുതെന്നോ?അതോ പൊറുക്കരുതെന്നോ?
ക്ഷമിക്കുക നീ എന്നോട്..
ദിക്കറിയാതെ സഞ്ചരിക്കുന്ന
ഒരു നാവികനാവാന്‍വയ്യെനിക്ക്...
മുത്തുകളും ചിപ്പികളും നീ തന്നേക്കാം
എങ്കിലും നിന്റെ ആഴവും,നീരാളി
കൈകളും  എന്നെ ഭയപ്പെടുത്തുന്നു
കര കാണാതെ ഞാന്‍ തുഴയുമ്പോള്‍
നിനക്കും ചിരിക്കാം...
ഇരമ്പി ആര്‍ത്തു നിനക്ക് എന്‍റെ
കൊച്ചു തോണിയെ പേടിപ്പിക്കാം
പക്ഷെ ഒരു ഉപ്പ് പരലകാന്‍ നീ എന്നെ വിളിക്കരുത്...
....ക്ഷമിക്കുക എന്നോട്....

Friday, 15 April 2011

എന്നെ പ്രണയിക്കരുത്.....


ആകാശത്തോടു ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മഴയോടും ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മേഖത്തിനോടും,കാറ്റിനോടും
മരങ്ങളോടും,പൂക്കളോടും
ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുത് എന്ന്
കാരണം അത് ഒരു അജ്ഞാതമായ ലോകമാണ്..
ആഗാധ ഗര്‍ത്തങ്ങളുടെ ഒരു ലോകം...
അവിടെ സംഗീതം രോദനങ്ങള്‍ മാത്രം...
അടിക്കിപിടിച്ച തേങ്ങലുകള്‍,
ദീര്‍ഘ നിശ്വാസങ്ങള്‍ ,
പിന്നെ കുറെ മരവിച്ച ഓര്‍മകളും....

Monday, 7 March 2011

Miss you


I want remind you of these things
Just so you will know
you mean so much to me


I miss the way you call my name, 
I miss the way we would fight,
I miss our nonsense arguments and all our wrestling matches just to pass time,
I miss getting kicked out of your room,
I miss the way we take drinks in the midnight,
I miss your cruel smile, which haunted me in my college days,
I miss your comfort and the way you made me feels safe,
I miss you with all of my heart,


 
Because you are a good friend;
Good brother
And a good companion....
No matter where you are, I'll always be here for you

Wednesday, 16 February 2011

കാത്തിരുപ്പ് .........

നിശബ്ദമായി തേങ്ങിയപ്പോഴും..
അതി ഗൂഡമായി മന്ദഹസിച്ചപ്പോഴും...
വിരസമായ സായാനഹ്ങ്ങളിലും...
രാത്രിയുടെ യാമങ്ങളിലും...
ഞാനും തേടിയിരുന്നു....
ഞാനും കാത്തിരുന്നു...
ഇല്ലാത്ത ഒരു Valentineനു വേണ്ടി....

ഒരിക്കല്ക്കൂടി



ഒരിക്കല്‍ക്കൂടി  നീ വരണം...
ഇവിടെ...എന്റെ അടുത്ത്....
ചിലപ്പോ ഞാന്‍ മയക്കത്തിലായിരിക്കും....
ആ ലഹരി തീരുന്നതുവരെ....കാത്തിരിക്കുക
പാറി കിടക്കുന്ന എന്റെ തലമുടികളെ നീ മാടി  ഒതുക്കണം....
ചോര ഒലിക്കുന്ന എന്റെ നെറ്റിത്തടവും,കാല്‍മുട്ടുകളും,നീ കണ്ടോ?
പകുതി തുറന്ന എന്റെ കണ്ണുകളില്‍ നിനക്കിപ്പോഴും നക്ഷത്രങ്ങളെ കാണാന്‍ കഴിയുന്നുണ്ടോ?
എന്റെ ചുണ്ടുകള്‍ക്ക് ഇപ്പോഴും ഇളം റോസ് നിറമാണോ?

ഈ വിജനമായ ഇടനാഴിയില്‍,ഇരുട്ടിന്‍റെ മറയിലിരുന്നു
ഞാന്‍ നിന്നെ തേടാറുണ്ട്........
നിനക്കറിയില്ലേ ഇരുളിനെ ഞാന്‍ പേടിക്കുന്നുവെന്നു....
എന്നിട്ടും...
ഇവിടം എന്നെ ഭയപ്പെടുത്തുന്നു....
ഉറക്കെ പൊട്ടിച്ചിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.....
ഇടയ്ക്കു കരയാനും.....
പക്ഷെ മൂകത മാത്രം....

നിനക്ക് കേള്‍ക്കണ്ടേ എന്റെ കൊലുസിന്റെ ശബ്ദം....?
എന്റെ കുപ്പിവളകളുടെ പൊട്ടിച്ചിരി....?
ഇന്ന് ഇവക്കു ഒരേ ശബ്ദമാണ്...
എന്റെ ഓരോ അനക്കത്തിലും അത് അലറുന്നു....
ഇന്ന് ഇതെനിക്ക് ഭാരമാണ്...ഒരു ചങ്ങലയുടെ ഭാരം..

ഞാന്‍ നക്ഷത്രങ്ങളോട് സംസാരിച്ചപ്പോ,
നീ അല്ലെ പറഞ്ഞത് എനിക്ക് ചിന്തകള്‍ ഉണ്ടെന്നു...?
എന്റെ ഭാഷകള്‍ ആകാശം മുട്ടെ എത്തിയപ്പോ,
നീ അല്ലെ പറഞ്ഞത്  എന്നില്‍ കഴിവുകള്‍ ഉണ്ടന്ന്...?
ആകാശത്തില്‍  ഞാന്‍ പറന്ന കാര്യം പറഞ്ഞപ്പോ,
നീ അല്ലെ പറഞ്ഞത് എനിക്ക് ചിറകു മുളചെന്നു..?
കടലിലെ തിരമാലകളോട് ഞാന്‍ സ്വകാര്യം പറഞ്ഞപ്പോ
നീ അല്ലെ പറഞ്ഞത് എന്നെ ലോകം അറിയുമെന്ന് ....

ഞാന്‍ അലറി പറഞ്ഞു നോക്കി...
ഈ ലോകം വിശ്വസിക്കുന്നില്ല....
അതോ നീ നുണ പറഞ്ഞതാണോ?
ഇന്ന് എന്നില്‍ മരുന്നുകളുടെ ലഹരി മാത്രം....
അവ എന്നെ അടുത്ത നിദ്രയുടെ ഗര്‍ത്തത്തിലേക്ക്...
തള്ളിയിടും മുന്‍പ്....
നീ പറയണം...എനിക്കു ഭ്രാന്തില്ലന്നു.....
ഞാന്‍ ഭ്രാന്തിയല്ലന്നു......
നീ പറയില്ലേ?

നിശബ്ദതയുടെ രാജകുമാരി

എന്റെ വാക്കുകളില്‍ തേനിന്റെ മധുരമില്ല.
കഥ പറയുന്ന കണ്ണുകളില്ല എനിക്ക് പുഞ്ചിരിക്കാന്‍ പാടുപെടുന്ന ചുണ്ടുകള്‍
ആരെയും മോഹിപ്പിക്കാന്‍ ഒന്നുമില്ല
എങ്കിലും... ഞാനുമൊരു പെണ്‍കുട്ടി
 
നുണ പറയാനാണ് എനിക്കിഷ്ടം
ഞാന്‍ പറഞ്ഞ നുണകള്‍ അത്രയും
എന്റെ സൗന്ദര്യം കൂട്ടുന്നു
അങ്ങനെ വാക്കുകള്‍ കൊണ്ട് ഞാന്‍ ഒരു കൊട്ടാരം ഉണ്ടാക്കി
ഞാനും ഒരു രാജകുമാരി ആയി ആരും കാണാത്ത ഈ കൊട്ടാരത്തില്‍
പറയാത്ത ഈ വാക്കുകളില്‍
കേള്‍ക്കാത്ത ഈ ശബ്ദത്തില്‍...
നിശബ്ദദയില്‍ ജീവിക്കുന്ന ഒരു രാജകുമാരി